- ഒരു കാവ്യത്തിന്റെ ഭംഗി കൂട്ടാനായി ചേർക്കുന്ന പ്രയോഗങ്ങളെ മലയാളവ്യാകരണത്തിൽ അലങ്കാരങ്ങൾ എന്നു പറയുന്നു. അലങ്കാരം എന്ന സംജ്ഞയും സങ്കല്പവും സംസ്കൃതകാവ്യശാസ്ത്രത്തിൽ നിന്നും മലയാളത്തിൽ എത്തിയതാണ്.
അലങ്കാരങ്ങൾ രണ്ട് വിധത്തിലുണ്ട്:
(1) ശബ്ദാലങ്കാരം
(2) അർത്ഥാലങ്കാരം.
ശബ്ദാലങ്കാരങ്ങൾ
കാവ്യത്തിലെ ശബ്ദത്തെ ആശ്രയിച്ചുനിൽക്കുന്ന അലങ്കാരമാണ് ശബ്ദാലങ്കാരം.
ശബ്ദത്തെ അതായത് ഉച്ചരിച്ചുകേൾക്കുന്ന അക്ഷരത്തെ ആശ്രയിച്ച് നിൽക്കുന്ന അലങ്കാരത്തെ ശബ്ദാലങ്കാരമെന്ന് പറയുന്നു. പ്രാസം, യമകം തുടങ്ങിയവ ശബ്ദാലങ്കാരത്തിന് ഉദാഹരണങ്ങളാണ്. ഏതെങ്കിലും രീതിയിൽ ക്രമനിബദ്ധമായ ശബ്ദവിന്യാസമാണു് ശബ്ദാലങ്കാരങ്ങളിലെ ആഹ്ലാദജനകഹേതു. അതായതു്, പുനരുക്തവദാഭാസത്തിൽ ഒഴികെ, ശബ്ദങ്ങളേയോ പദങ്ങളേയോ ആവർത്തിക്കുന്നതുകൊണ്ടു ലഭിയ്ക്കുന്ന കർണ്ണസുഖമാണു് ശബ്ദാലങ്കാരങ്ങളിലെ ചമത്‌കാരത്തിനു കാരണം.
അനുപ്രാസം, ഛേകാനുപ്രാസം, ആദിപ്രാസം, ദ്വിതീയാക്ഷരപ്രാസം, തൃതീയാക്ഷരപ്രാസം,ചതുർത്ഥാക്ഷരപ്രാസം, പഞ്ചമാക്ഷരപ്രാസം, അന്ത്യപ്രാസം, അഷ്ടപ്രാസം ദ്വാദശപ്രാസം, ഷോഡശപ്രാസം, ലാടാനുപ്രാസം, യമകം, പുനരുക്തവദാഭാസം എന്നിവയാണു് പ്രധാനപ്പെട്ട ശബ്ദാലങ്കാരങ്ങൾ.
- അനുപ്രാസം,
- യമകം,
- പുനരുക്തവദാഭാസം,
- ചിത്രം എന്നിങ്ങനെ ശബ്ദാലങ്കാരങ്ങൾ നാലു വിധമാണ്.
അർത്ഥാലങ്കാരങ്ങൾ
കാവ്യത്തിൽ ഉപയോഗിച്ചിരിക്കുന്ന വാക്കുകളുടെ അർത്ഥത്തിൽനിന്നും ഉളവാകുന്ന ചമത്‌കാരങ്ങളാണു് അർത്ഥാലങ്കാരങ്ങൾ. അവ ശ്രവണസുഖത്തേക്കാൾ ആലോചനാസുഖമാണു നൽകുന്നതു്. അതുകൊണ്ടു് കാവ്യധർമ്മപ്രകാരം ശബ്ദാലങ്കാരത്തിനേക്കാൾ പ്രാധാന്യം അർത്ഥാലങ്കാരങ്ങൾക്കുണ്ടു്.
എല്ലാ തരം അർത്ഥാലങ്കാരങ്ങളേയും അതിശയം, സാമ്യം, വാസ്തവം, ശ്ലേഷം എന്നിങ്ങനെ നാലിൽ ഏതെങ്കിലും ഒന്നു് അടിസ്ഥാനഘടകമായതു് എന്ന നിലയിൽ തരം തിരിക്കാനാവും. ഇതനുസരിച്ച് അർത്ഥാലങ്കാരങ്ങളെ നാലു വർഗ്ഗമായി വിഭജിച്ചിരിക്കുന്നു:
അതിശയോക്തി അലങ്കാരങ്ങൾ
അതിശയം അതിപ്രകടമായിരിക്കുന്ന ഉക്തികളെയാണ് അതിശയോക്ത്യലങ്കാരങ്ങളായി പരിഗണിക്കുന്നത്. ഇവ അനേകവിധമുണ്ട്. പ്രധാനമായി ഇവയെ മൂന്നിനമായി തിരിക്കാം:-
അളവ്, എണ്ണം മുതലായവ ഉള്ളതിൽ കൂട്ടിയോ കുറച്ചോ പറയുന്നത്. ഇതിൽ
- സംബന്ധാതിശയോക്തി
- അസംബന്ധാതിശയോക്തി
- ഭേദകാതിശയോക്തി എന്നിവയാണ് മുഖ്യം.
“ | അയോഗത്തിങ്കലെ യോഗം സംബന്ധാതിശയോക്തിയാം (ഉദാ. മലയോളം പോന്ന കാള) | ” |
“ | അയോഗംചൊല്കയോഗത്തിൽ അസംബന്ധാതിശയോക്തിയും (ഉദാ. വിറ്റുവിറ്റ് ഇനി ഉടുതുണിയേ ബാക്കിയുള്ളു) | ” |
“ | ഭേദം ചൊന്നാലഭേദത്തിൽ ഭേദകാതിശയോക്തിയും (ഉദാ. അന്യാദൃശം തന്നെ ഇവളുടെ അഴക്) ആണ് | ” |
ആധാരാധിക്യവും ആധേയാധിക്യവും പറയുന്ന അധികം എന്ന അലങ്കാരവും ഈ ഇനത്തിൽ പെടും
സാമ്യോക്തി അലങ്കാരങ്ങൾ
ഉപമ, ഉൽപ്രേക്ഷ, രൂപകം, പ്രതീപം, ദൃഷ്ടാന്തം തുടങ്ങിയ പ്രധാനപ്പെട്ട പതിനാറ് അലങ്കാരങ്ങളാണ് ഈ വിഭാഗത്തിലുള്ളത്.
വാസ്തവോക്തി അലങ്കാരങ്ങൾ
അതിശയോക്തിയുടെ അംശം വളരെക്കുറച്ച്, ഉള്ളത് ഉള്ളതുപോലെ, ഏറ്റവും സൂക്ഷമവും ഹൃദ്യവുമായ രീതിയിൽ വർണ്ണിക്കുന്നതാണ് വാസ്തവോക്തി.
ശ്ലേഷോക്തി അലങ്കാരങ്ങൾ
ഒരു ഞെട്ടിൽ രണ്ടു കായ്കളെന്ന പോലെ ഒരു പദപ്രയോഗത്തിൽ രണ്ടർത്ഥം കല്പിച്ച് വരുത്തുന്ന ഭംഗിക്കാണ് ശ്ലേഷം എന്ന് പറയുന്നത്.
No comments:
Post a Comment