Saturday, 5 May 2018

സന്ധി : ചോദ്യങ്ങള്‍ എങ്ങനെ ?

ന്ധി
=====

ചോദ്യങ്ങള്‍ എങ്ങനെ ?

1. നാല് വാക്കുകള്‍ (നാല് സന്ധിയില്‍പ്പെട്ടത്) തന്നിട്ട് അവയില്‍ നിന്ന് ഒരു സന്ധിക്ക് ഉദാഹരണം കണ്ടുപിടിക്കാന്‍.
2. മൂന്നുപദം ഒരു സന്ധിയില്‍പ്പെട്ടതും ഒരുപദം അല്ലാത്തതും തന്നിട്ട് അത് ഏതില്‍പ്പെട്ടത്.
3. ഒരുവാക്ക് തന്നിട്ട് അത് ഏതു സന്ധിയില്‍പ്പെട്ടത് ?
4. ഒരു പദം തന്നിട്ട് അത് എങ്ങനെ പിരിച്ചെഴുതും ?
5. പിരിച്ചെഴുതിത്തന്നിട്ട് അത് ഏതു സന്ധിയില്‍പ്പെട്ടത് ? (സന്ധികളെക്കുറിച്ച് വ്യക്തമായ ഒരു ധാരണ ഇതിലേക്ക് ആവശ്യമാണ്.)

പദങ്ങളെ ചേര്‍ത്തെഴുതുമ്പോഴുണ്ടാകുന്ന വര്‍ണ്ണമാറ്റങ്ങളാണ് സന്ധി കാര്യത്തില്‍ ചര്‍ച്ച ചെയ്യുന്നത്. കുറയുക - കൂടുക - ഒന്നിനു പകരം മറ്റൊന്ന് - ഇരട്ടിക്കുക - എന്നീ മാറ്റങ്ങളെ യഥാക്രമം ലോപം - ആഗമം - ആദേശം - ദ്വിത്വം തുടങ്ങിയ പേരുകള്‍ കല്പിച്ച് വേര്‍തിരിച്ചിരിക്കുന്നു.

1. ലോപസന്ധി

ചേരുന്ന വര്‍ണ്ണങ്ങളില്‍ ഒരു വര്‍ണ്ണം കുറയുന്നത്

പ്രത്യേകം ശ്രദ്ധിക്കുക

സ്വരങ്ങളും അര്‍ദ്ധസ്വരങ്ങളായ മധ്യമങ്ങളുമാണ് പ്രായേണ ലോപിക്കുന്നത്. അ - ഇ - എ-ഉ (സംവൃതം), യ-ര-ല- എന്നീ മധ്യമങ്ങളും ഇതനുസരിച്ച് ലോപിക്കും.

ഇല്ല + എന്ന് = ഇല്ലെന്ന് ('ല്ല' എന്നതിലെ 'അ' കാരം ലോപിച്ചു)

പോയി + ഇല്ല = പോയില്ല ('യി' എന്നതിലെ 'ഇ' കാരം ലോപിച്ചു)

കാറ്റ് +അടിച്ചു=കാറ്റടിച്ചു ('റ്റ്' എന്നതിലെ സംവൃതം കുറഞ്ഞു)

വരാതെ + ഇരുന്നു = വരാതിരുന്നു ('തെ' എന്നതിലെ 'എ' കാരം കുറഞ്ഞു)

പായ് + കപ്പല്‍ = പാക്കപ്പല്‍ ('യ്' എന്ന മധ്യമ വര്‍ണ്ണം കുറഞ്ഞു)

കടല്+പുറം = കടപ്പുറം ('ല്' എന്ന മധ്യമവര്‍ണ്ണം കുറഞ്ഞു)

പായ്ക്കപ്പല്‍, കടപ്പുറം എന്നിവയില്‍ 'പ' എന്നതു ഇരട്ടിച്ചതുകൊണ്ട് ദ്വിത്വസന്ധിയിലും ഉള്‍പ്പെടുത്താം.

2. ആഗമസന്ധി

ഒരു വര്‍ണ്ണം കൂടുതലായി വന്നുചേരുന്നത് ( പ്രകൃതിയും പ്രത്യയവും ചേരുമ്പോഴോ രണ്ടുപദങ്ങള്‍ ചേരുമ്പോഴോ ആണ് ഈ മാറ്റം വരുന്നത്)

പ്രത്യേകം ശ്രദ്ധിക്കുക

'യ' 'വ' ഇതില്‍ ഏതെങ്കിലും ഒന്നാണ് മിക്കവാറും കൂടുതലായി വന്നുചേരുന്നത്. പിരിച്ചെഴുതുമ്പോള്‍ ഇവ ഇല്ലാതിരിക്കുകയും ചേര്‍ത്തെഴുതുമ്പോള്‍ ഇതില്‍ ഏതെങ്കിലും ഒന്ന് കാണുകയും ചെയ്യുന്നത് ശ്രദ്ധിക്കുക.

ഉദാ : അ + ഇടം = അവിടം - 'വ'

ഈ + ആള്‍ = ഈയാള്‍ - 'യ'

തിരു + ഓണം = തിരുവോണം - 'വ'

കലപ്പ + ഇല്‍ = കലപ്പയില്‍ - 'യ'

ആ + ഇ = ആയി - 'യ'

കണ്ട + അര്‍ = കണ്ടവര്‍ - 'വ'

നോക്കുന്ന + അന്‍ = നോക്കുന്നവന്‍ - 'വ'

3. ആദേശ സന്ധി

ഒരു വര്‍ണ്ണം മാറി അതിനുപകരം മറ്റൊന്നു വരുന്നത്. (രണ്ടു തരത്തിലുള്ള വ്യഞ്ജനങ്ങള്‍ അടുത്തടുത്ത് വരുമ്പോള്‍ ഉച്ചാരണ ക്ലേശം ഒഴിവാക്കാനാണ് ഈ മാറ്റം.) പിരിച്ചെഴുതുമ്പോള്‍ ആദ്യപദം ചില്ലുകളില്‍ (ല്-ല്‍, ന്-ന്‍, ള്-ള്‍, ര്-ര്‍, ണ്-ണ്‍) അവസാനിക്കുകയോ 'ം' (അനുസ്വാരം) അവസാനിക്കുകയോ ചെയ്യുകയാണെങ്കില്‍ മിക്കവാറും അത് ആദേശസന്ധിയാണ്.

ഉദാ : വിണ്‍ + തലം = വിണ്ടലം

കണ്‍ + നീര്‍ = കണ്ണീര്‍

എണ്‍ + നൂറ് = എണ്ണൂറ്

നെല് + മണി = നെന്മണി

മരം + കള്‍ = മരങ്ങള്‍

പെരും + പറ = പെരുമ്പറ

നിന്‍ + കള്‍ = നിങ്ങള്‍

4. ദ്വിത്വസന്ധി

ഒരു വര്‍ണ്ണം ഇരട്ടിക്കുന്നത്.

ഉദാ : തല + കെട്ട് = തലക്കെട്ട് - ക്ക

പടി + പുര = പടിപ്പുര - പ്പ

എന്‍ + എ = എന്നെ

എണ്‍ + ആയിരം = എണ്ണായിരം

(എണ്‍ + നൂറ്, എണ്‍ + ആയിരം, ഈ രണ്ടു പദങ്ങളും ശ്രദ്ധിക്കുക. ആദ്യത്തേത് ആദേശസന്ധിയും രണ്ടാമത്തേത് ദ്വിത്വസന്ധിയുമാണ്. ഇത് വേര്‍തിരിച്ചറിയാന്‍ എണ്‍ + നൂറ് എന്നതില്‍ രണ്ടും (ണ്‍ +നൂ) വ്യഞ്ജനാക്ഷരങ്ങളാണ്, എന്നാല്‍ എണ്‍ + ആയിരം എന്നതില്‍ (ണ്‍ + ആ) ഒന്ന് വ്യഞ്ജനാക്ഷരവും മറ്റൊന്ന് സ്വരാക്ഷരവുമാണ്. ഇത്തരം പദങ്ങളില്‍ രണ്ടും വ്യഞ്ജനാക്ഷരമാണെങ്കില്‍ ആദേശസന്ധിയും ഒരു വ്യഞ്ജനവും സ്വരവും ചേരുന്നതാണെങ്കില്‍ ദ്വിത്വസന്ധിയുമാണെന്ന് ഒരു എളുപ്പമാര്‍ഗ്ഗമനുസരിച്ച് മനസ്സിലാക്കുക.)

ഇരട്ടിക്കാത്ത സന്ദര്‍ഭങ്ങള്‍ (ഈ ഭാഗത്തില്‍ നിന്നും ചോദ്യങ്ങള്‍ വരാവുന്നതാണ്.)

ഉദാ : കട + കോല്‍ = കടകോല്‍

അര + കല്ല് = അരകല്ല്

എരി + തീയ് = എരിതീയ്

അടയാളപ്പെടുത്തിയിരിക്കുന്ന പദങ്ങള്‍ ക്രിയാധാതുക്കളാണ്. ഇത്തരം ക്രിയാധാതുക്കള്‍ ആദ്യപദമായി വന്നാല്‍ രണ്ടാമത്തെ പദത്തില്‍ ആദ്യക്ഷരം ഇരട്ടിക്കുകയില്ല.

മറ്റ് സന്ദര്‍ഭം

ഉദാ : മുല്ല + മാല = മുല്ലമാല

വാഴ + നാര് = വാഴനാര്

അടയാളപ്പെടുത്തിയിരിക്കുന്ന അക്ഷരങ്ങള്‍ അനുനാസികങ്ങളാണ്. ഇത്തരം അക്ഷരങ്ങള്‍ രണ്ടാമത്തെ പദത്തിന്റെ ആദ്യവര്‍ണ്ണമായി വന്നാല്‍ ഇരട്ടിക്കുകയില്ല.

മറ്റൊരു സന്ദര്‍ഭം കൂടി

വിശേഷണ വിശേഷ്യങ്ങളല്ലാതെ പദങ്ങള്‍ക്ക് തുല്യ പ്രാധാന്യം കല്പിച്ച് ദ്വന്ദ്വസമാസമാക്കി കൂട്ടിച്ചേര്‍ത്താല്‍ ഇരട്ടിപ്പ് വരുകയില്ല.

ഉദാ : കൈ + കാലുകള്‍ = കൈകാലുകള്‍

ആന + കുതിരകള്‍ = ആനകുതിരകള്‍

ചോദിക്കാവുന്ന പ്രധാന പദങ്ങള്‍

അതല്ല - അത് + അല്ല - ലോപസന്ധി

കണ്ണില്ല - കണ്‍ + ഇല്ല - ദ്വിത്വസന്ധി

നിങ്ങള്‍ - നി + ങ് + കള്‍ - ആദേശസന്ധി

ആയെന്ന് - ആയി + എന്ന് - ലോപസന്ധി

കൈത്തൊഴില്‍ - കൈ + തൊഴില്‍ - ദ്വിത്വസന്ധി

പലെടങ്ങള്‍ - പല + എടങ്ങള്‍ - ലോപസന്ധി

തടവുന്നു - തട + ഉന്നു - ആഗമസന്ധി

പോവുന്നു - പോ + ഉന്നു - ആഗമസന്ധി

കള്ളക്കാള - കളളന്‍ + കാള - ലോപസന്ധി/ദ്വിത്വസന്ധി

പൊന്നുണ്ട - പൊന്‍ + ഉണ്ട - ദ്വിത്വസന്ധി

നിന്നു - നിന്‍ + തു - ആദേശസന്ധി

നന്നൂല്‍ - നല് + നൂല്‍ - ആദേശസന്ധി

കന്മദം - കല് + മദം - ആദേശസന്ധി

നെന്മണി - നെല് + മണി - ആദേശസന്ധി

പില്പാട് - പിന്‍ + പാട് - ആദേശസന്ധി

മരവുരി - മരം + ഉരി - ആഗമസന്ധി

നിലവറ - നിലം + അറ - ആഗമസന്ധി

വരുങ്കാലം - വരും + കാലം - ആദേശസന്ധി

മരമില്ല - മരം + ഇല്ല - ആദേശസന്ധി

ധനവും - ധനം + ഉം - ആദേശസന്ധി

No comments:

Post a Comment